Sunday, March 19, 2017

കളകളെ എളുപ്പം ദ്രാവക ജൈവവളമാക്കാം



 
നമുക്കാവശ്യമായ കൃഷി ഒരിടത്ത് ചെയ്യുമ്പോള്‍ അവയ്ക്കിടയില്‍ വളരുന്ന അന്യചെടികളെയാണ് നാം സാധാരണയായി 'കള' എന്നു പറയുക. നമുക്ക് മിത്രമായ പലയിനങ്ങളും ചിലപ്പോള്‍ കളയായി മാറാറുണ്ട്. ഉദാഹരണമായി എള്ള് കൃഷിചെയ്യുന്ന ഇടത്തില്‍ നെല്ലിനങ്ങള്‍ മുളച്ചുവന്നാല്‍ നെല്ല് നമുക്ക് ഇവിടെ കളയായി  പറിച്ചുമാറ്റേണ്ടിവരും. കള എന്നത് നമുക്ക് തത്സമയം മാത്രം വേണ്ടാത്തതാണെന്നും പല കളകളും നമുക്ക് ആവശ്യമാണെന്നും കാണേണ്ടതുണ്ട്. ഇത്തരത്തില്‍ കൃഷിയിടത്തിലായാലും തുറസ്സായ മറ്റിടങ്ങളിലായാലും കാണുന്ന കളകളെ അല്‍പ്പം ശാസ്ത്രീയ സമീപനത്തോടെ സംസ്കരിച്ച് കൈകാര്യംചെയ്താല്‍ എല്ലാ കളകളെയും നമ്മുടെ ഏറ്റവും ആവശ്യമായ ജൈവവളങ്ങളാക്കിമാറ്റാം. കമ്പോസ്റ്റ്വഴിയും ബയോഗ്യാസ്വഴിയുമെല്ലാം ഇതു ചെയ്യുന്നവരും ധാരാളമുണ്ട്.
എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് ഇത്തരം കളസസ്യങ്ങളെ കേവലം 15 ദിവസത്തിനകം വിളകള്‍ക്ക് മികച്ച പോഷണം തരുന്ന ദ്രാവകരൂപത്തിലുള്ള ജൈവവളമാക്കി മാറ്റാവുന്ന സംവിധാനത്തെക്കുറിച്ചാണ്. പച്ചക്കറിപോലുള്ള ഹ്രസ്വകാല വിളകള്‍ക്കും, വാഴ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ക്കും വളരെ പെട്ടെന്ന് ഉപയുക്തമാക്കാന്‍ നമുക്കാവുന്നു എന്നതുകൂടി ഈ മാര്‍ഗത്തിന്റെ പ്രത്യേകതയാണ്. കള എങ്ങനെ ദ്രാവകവളമാക്കി മാറ്റാം എന്നു നോക്കാം.

ആവശ്യമായ സാധനങ്ങള്‍

1. വെള്ളം 100 ലിറ്റര്‍
2. കളകള്‍ (ചെറുതായി അരിഞ്ഞത്) 25 കി.ഗ്രാം
3. ശര്‍ക്കര 200 ഗ്രാം
4. ഉപ്പ് 200 ഗ്രാം
5. പുളി 200 ഗ്രാം
ഡ്രം, അല്ലെങ്കില്‍ കല്ലുകെട്ടി സിമന്റ് ചെയ്ത ടാങ്ക് (ഇത്രയും സാധനം ഉള്‍ക്കൊള്ളുന്ന വലുപ്പം)

നിര്‍മാണരീതി

25 കി.ഗ്രാം കള ചെറുതായി അരിഞ്ഞ് ഒരിടത്ത് വിരിക്കുക. അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ മേല്‍പ്പറഞ്ഞ ശര്‍ക്കര, ഉപ്പ്, പുളി എന്നിവ ചേര്‍ത്തിളക്കി ലായനി ആക്കുക. ഈ ലായനി കളകളുമായി ചേര്‍ത്തിളക്കി യോജിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞശേഷം ഇവ 100 ലിറ്റര്‍ വെള്ളം നിറച്ച ടാങ്കിലോ, ഡ്രമ്മിലോ ഇട്ട് നന്നായി ഇളക്കുക. മൂന്നുദിവസം കൂടുമ്പോള്‍ നന്നായി ഇളക്കിക്കൊടുക്കണം. 15 ദിവസം കഴിയുമ്പോള്‍ കളകള്‍ വെള്ളത്തില്‍ അഴുകി പ്രത്യേകതരം ഗന്ധം ഉണ്ടാകും. ഇവ അരിച്ചെടുത്ത ലായനിയാണ് കൃഷിയില്‍ പ്രയോഗിക്കേണ്ടത്. ഇവ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, സ്പ്രിഗ്ളര്‍വഴിയും മറ്റും ചെടിയില്‍ തളിച്ചുകൊടുക്കുകയും ചെയ്യാം. തുടര്‍ന്ന് വീണ്ടും വെള്ളം നിറച്ച് 15 ദിവസത്തിനകം വളലായനി ഉണ്ടാക്കാം. വളര്‍ച്ചയ്ക്കും, രോഗപ്രതിരോധത്തിനും, പോഷകാംശ ലഭ്യതയ്ക്കും ഈ ലായനി ഉപകരിക്കും. തോട്ടക്കൃഷി ചെയ്യുന്നവര്‍ക്ക് വലിയ ടാങ്ക് നിര്‍മിച്ച് മറ്റു വിളകള്‍ക്കും ഈ ലായനി ഉപയോഗിക്കാം. ഈ മിശ്രിതത്തില്‍ ഇനിപറയുംപ്രകാരം പോഷകമൂലകങ്ങള്‍ ഉണ്ടാക്കാം.
നൈട്രജന്‍ 32 മില്ലിഗ്രാം/ലിറ്റര്‍
ഫോസ്ഫറസ് 6.2 മില്ലിഗ്രാം/ലിറ്റര്‍
പൊട്ടാഷ് 2000 മില്ലിഗ്രാം/ലിറ്റര്‍
കാത്സ്യം 260 മില്ലിഗ്രാം/ലിറ്റര്‍
മഗ്നീഷ്യം 189 മില്ലിഗ്രാം/ലിറ്റര്‍
സിങ്ക് 0.24 മില്ലിഗ്രാം/ലിറ്റര്‍
ഇരുമ്പ് 0.64 മില്ലിഗ്രാം/ലിറ്റര്‍
തൊടികളിലും പറമ്പുകളിലുമുള്ള കാടും ചെടിയുമെല്ലാം ഇതിനായി ഉപയോഗിക്കാം.



Courtessy: Deshabhimani/Kilivathil

No comments:

Post a Comment